സര്‍ക്കാര്‍ സര്‍വീസിലെ വിദേശികളെ ഒഴിവാക്കാന്‍ ആലോചന സജീവം

Monday, February 8, 2010
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ സര്‍വീസിലെ വിദേശി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സജീവമായി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് കുവൈത്ത് ഓഡിറ്റ് ബ്യൂറൊ തയാറാക്കിയ റിപ്പോര്‍ട്ട്  മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരില്‍ 24 ശതമാനം പേര്‍ വിദേശികളാണെന്ന് ഈയിടെ നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ സാധ്യമാകുന്നവരെ മാറ്റി പകരം സ്വദേശികള്‍ക്ക് നിയമനം നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പ്രത്യേകം വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളില്‍ ഇരിക്കുന്നവര്‍ ഒഴികെയുള്ള വിദേശികളെ ഒഴിവാക്കാനാണ് തീരുമാനം.
ഇത്തരത്തില്‍ ഒഴിവാക്കാന്‍ സാധിക്കുന്ന വിദേശി ജീവനക്കാരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. ഇവരെ  പിരിച്ചുവിടുകയാണെങ്കില്‍ നല്‍കേണ്ടി വരുന്ന സര്‍വീസ് ആനുകൂല്യങ്ങളുടെ മൊത്തം തുക വരെ കണക്കാക്കിയിട്ടുണ്ട്.
ഇതിനായി ചുരുങ്ങിയത് 13 മില്യന്‍ ദീനാര്‍ വേണമെന്നാണ്  ഓഡിറ്റ് ബ്യൂറൊയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.  വിദേശി തൊഴിലാളികളെ കുറക്കണമെന്നതാണ് സര്‍ക്കാറിന്റെ നയം. എങ്കിലും  ഒറ്റയടിക്ക് ഭൂരിപക്ഷത്തെയും ഒഴിവാക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. കാരണം, വിദേശികളെ ഒറ്റയടിക്ക് ഒഴിവാക്കുന്നത് ബന്ധപ്പെട്ട ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.
അതേസമയം, ഓഡിറ്റ് ബ്യൂറൊ റിപ്പോര്‍ട്ടിന്റെ  പശ്ചാത്തലത്തില്‍  സര്‍ക്കാര്‍ സര്‍വീസിലെ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും പതിറ്റാണ്ടുകള്‍ സര്‍വീസുള്ള വിദേശികളില്‍ ഒരു വിഭാഗത്തിന് ജോലി നഷ്ടമാകുമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.
Share/Bookmark