ശിവരാമന്റെ ലക്ഷ്യം കോങ്ങാട്; കോണ്‍ഗ്രസില്‍ ഭിന്നത
Tuesday, February 9, 2010
ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്കില്‍ ജീവനക്കാരിയായിരുന്ന ശിവരാമന്റെ ഭാര്യയുടെ പേരില്‍ പണാപഹരണത്തിന് ബാങ്ക് അധികൃതര്‍ കൈക്കൊണ്ട നടപടികളും പാരയായിട്ടുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ശിവരാമന് ഇതുവരെ തൃപ്തികരമായ വിശദീകരണം നല്‍കാനായിട്ടില്ലെന്ന് ഒറ്റപ്പാലം പ്രദേശത്തെ ചില നേതാക്കള്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസില്‍ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ടെങ്കിലും വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലായാല്‍ ഭിന്നത ഉണ്ടാവുന്ന അവസ്ഥയാണ് നിലവില്‍. വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ പ്രതിനിധീകരിക്കുന്ന കുഴല്‍മന്ദം മണ്ഡലത്തിന്റെ അവശിഷ്ടമായ തരൂര്‍, കോങ്ങാട് എന്നിവയാണ് പാലക്കാട് ജില്ലയിലെ സംവരണ നിയമസഭാ മണ്ഡലങ്ങള്‍. ശിവരാമന്റെ സ്വന്തം പഞ്ചായത്തായ ലെക്കിടി ^ പേരൂരിനോട് ചേര്‍ന്ന് കിടക്കുന്ന ചേലക്കര തൃശൂര്‍ ജില്ലയിലാണെങ്കിലും സംവരണ മണ്ഡലമാണ്. നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണനെ തുടര്‍ച്ചയായി വിജയിപ്പിച്ച ചേലക്കരയിലും തരൂരിലും മല്‍സരിക്കാന്‍ ശിവരാമന് താല്‍പര്യമില്ലത്രെ. കോങ്ങാട് മണ്ഡലമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇടത് സ്വാധീനമുള്ള ശ്രീകൃഷ്ണപുരം മണ്ഡലത്തിന്റെ പുതിയ രൂപമാണെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോങ്ങാട് മണ്ഡലത്തില്‍ യു.ഡി.എഫിനായിരുന്നു മേല്‍കൈ. സി.പി.എം സ്വാധീനമേഖലയായ ലെക്കിടി ^ പേരൂരില്‍ കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ശിവരാമനില്‍ നിന്ന് ഉണ്ടാവേണ്ടതെന്ന് ഒറ്റപ്പാലത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനു ശേഷമാണ് കൂടുതല്‍ സ്ഥാനമാനങ്ങള്‍ നല്‍കേണ്ടത്. കഴിഞ്ഞ ദിവസം സി.പി.എം ലക്കിടിയില്‍ നടത്തിയ പൊതുയോഗത്തില്‍ ശിവരാമന്റെ സഹോദരനടക്കമുള്ളവര്‍ പങ്കെടുത്തത് അദ്ദേഹത്തിന്റെ കൂടെ അനുയായികള്‍ ഇല്ലെന്നതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. എം.പിയായിരിക്കെ രമേശ് ചെന്നിത്തലയുമായി ഉണ്ടായിരുന്ന ഉറ്റ സൌഹൃദം കോണ്‍ഗ്രസില്‍ തന്നെ തുണക്കുമെന്നാണ് ശിവരാമന്‍ കണക്കുകൂട്ടുന്നത്. സി.പി.എമ്മില്‍ നിന്ന് രാജിവെക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് പ്രവേശം ചെന്നിത്തലയുമായി സംസാരിച്ചിരുന്ന കാര്യം പുറത്തായിട്ടുണ്ട്. പഴയ ഐ ഗ്രൂപ്പിലെ യുവ നേതാവ് രാജി പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനം നടത്തിയ ദിവസം ശിവരാമന്റെ കൂടെതന്നെ ഉണ്ടായിരുന്നു. പ്രസ് ക്ലബ്ബില്‍നിന്ന് ശിവരാമന്‍ മടങ്ങിയത് ഈ നേതാവിന്റെ കാറിലായിരുന്നു. ശിവരാമന്റെ സംരക്ഷണം തന്നെ ഏറ്റെടുത്ത മട്ടിലാണ് പഴയ ഐ ഗ്രൂപ്പ് നേതൃത്വം. എ ഗ്രൂപ്പിനെ ചൊടിപ്പിക്കുന്നതും ഇതുതന്നെ. തന്റെ ഭാര്യ ജയഭാരതി അര്‍ബന്‍ ബാങ്കില്‍ നിന്ന് സ്വയം രാജിവെക്കുകയായിരുന്നുവെന്നാണ് ശിവരാമന്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍, എ.കെ.പി. ഫാത്തിമ എന്ന നിക്ഷേപകയുടെ അക്കൌണ്ടില്‍ നിന്ന് 60,000 രൂപ വ്യാജ ഒപ്പിട്ട് പിന്‍വലിച്ച സംഭവത്തില്‍ ബാങ്ക് ജയഭാരതിയുടെ പേരില്‍ എടുത്ത നടപടിയാണ് ജോലി ഉപേക്ഷിക്കാന്‍ കാരണമെന്ന് സി.പി.എം പറയുന്നു. ഇക്കാര്യത്തില്‍ മാപ്പപേക്ഷിച്ചുകൊണ്ട് ബാങ്ക് ചെയര്‍മാന് ജയഭാരതി നല്‍കിയ കത്തിന്റെ കോപ്പി സി.പി.എം ജില്ലാ നേതൃത്വം തന്നെ പുറത്തുവിട്ടു. കത്തില്‍ പറയുന്നകാര്യങ്ങളും ബാങ്ക് നടപടിക്ക് കാരണമായ സാഹചര്യവും വിശദീകരിക്കാന്‍ ശിവരാമന് ഇതുവരെ കഴിയാത്തതും പ്രശ്നമായിട്ടുണ്ട്. എ.പി. അബ്ദുല്ലകുട്ടി, കെ.എസ്. മനോജ് എന്നിവരുടേതില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യം ശിവരാമന്റെ കാര്യത്തില്‍ ഉണ്ടെന്ന വാദവും കോണ്‍ഗ്രസിലെ തന്നെ ചിലര്‍ ഉയര്‍ത്തുന്നു. അതേസമയം, ഒരാഴ്ചക്കകം ശിവരാമനെ കോണ്‍ഗ്രസില്‍ പ്രവേശിപ്പിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. രാഷ്ട്രീയ സാഹചര്യം എന്തുതന്നെയായിരുന്നാലും മുന്‍ ജനപ്രതിനിധികള്‍ അടിക്കടി കൊഴിഞ്ഞുപോകുന്നത് മൂലമുള്ള സി.പി.എമ്മിന്റെ ആഘാതത്തിന് ആക്കം കൂട്ടാന്‍ ശിവരാമന്റെ സംഘടനാ പ്രവേശം കൊണ്ട് കഴിയുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. ടി.വി. ചന്ദ്രശേഖരന്‍ |
പുതിയ വാര്‍ത്തകള്‍ |