വിവക്ക് സമനില

Monday, February 8, 2010
കണ്ണൂര്‍: ഒന്നാം പകുതിയില്‍ രണ്ടു ഗോളിന് മുന്നിട്ടുനിന്ന  വിവ കേരളയെ കൊല്‍ക്കത്ത മുഹമ്മദന്‍സ് സമനിലയില്‍ തളച്ചിടുന്നത് കണ്ട് മൂന്നാമത് ഇ.കെ. നായനാര്‍ സ്വര്‍ണക്കപ്പ് അഖിലേന്ത്യാ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് 'വിപ്ലവകര'മായ തുടക്കം. സ്കോര്‍: 2^2. ജവഹര്‍ സ്റ്റേഡിയത്തില്‍ അവധിദിനത്തില്‍ ഒഴുകിയെത്തിയ വന്‍ ജനക്കൂട്ടത്തിന് ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് വിവ^മുഹമ്മദന്‍സ് മല്‍സരത്തിന് അവസാന വിസില്‍ മുഴങ്ങിയത്.
ആദ്യ പകുതിയില്‍ സ്ട്രൈക്കര്‍ വി.കെ. ഷിബിന്‍ലാലിന്റെ ഇരട്ട  ഗോളിന്റെ ബലത്തില്‍ മുന്നില്‍ നിന്ന വിവയെ ഇടവേളക്കു ശേഷം ഉജ്ജ്വലമായ തിരിച്ചു വരവ് നടത്തിയാണ് മുഹമ്മദന്‍സ് തളച്ചത്. മുഹമ്മദന്‍സിനുവേണ്ടി ഇന്റര്‍നാഷനല്‍ താരം ശസ്തി ദുലെ, സോവന്‍ ചക്രവര്‍ത്തി എന്നിവരാണ് വലകുലുക്കിയത്.  ഷിബിന്‍ലാലാണ് കളിയിലെ കേമന്‍. ഇന്ന് വിവ കേരള നിലവിലെ ചാമ്പ്യന്മാരായ എയര്‍ഇന്ത്യയുമായി മല്‍സരിക്കും.
വിവ കേരള ഒന്നാം പകുതിയില്‍ കിട്ടിയ രണ്ട് അവസരവും  ഉപയോഗപ്പെടുത്തി. മുന്നേറ്റങ്ങളുമായി  കളിയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദന്‍സിനെ 21ാം മിനിറ്റില്‍ വിവ ഞെട്ടിച്ചത്. ഇടതുനിരയില്‍ പി. രാഹുല്‍ കയറ്റിക്കൊടുത്ത പന്തുമായി ഇടത് മൂലയിലൂടെ ഓടിക്കയറി ക്യാപ്റ്റന്‍ സിറാജുദ്ദീന്‍ ആണ് ആദ്യ ഗോളിന് വഴി തുറന്ന ക്രോസ് ചെയ്തത്. ഗോള്‍മുഖത്ത് തൂങ്ങിവീണ പന്തില്‍ ഷിബിന്‍ലാല്‍ തലവെച്ചത് വലയിലേക്കായിരുന്നു, (1^0).  35ാം മിനിറ്റില്‍  രണ്ടാം ഗോള്‍ ഷിബിന്‍ലാലിന്റെ സ്വന്തം അധ്വാനഫലമായിരുന്നു. സോവന്‍ചക്രവര്‍ത്തിയില്‍നിന്ന് ചോര്‍ന്നുകിട്ടിയ പന്ത് രണ്ടുപേരെ മറികടന്നത് തുറന്ന ഗോള്‍മുഖത്തേക്കായിരുന്നു. മുന്നോട്ടു ചാടിയ ഗോളിയുടെ തലക്ക് മുകളിലൂടെ പന്ത് കടത്തിവിട്ട് പോസ്റ്റിലേക്ക് ചെത്തിയിട്ടപ്പോള്‍ സ്റ്റേഡിയം ആരവം മുഴക്കി, (2^0).
രണ്ട് ഗോളിന്റെ മികവില്‍ ഇറങ്ങിയ രണ്ടാം പകുതിയില്‍  പ്രതിരോധനിര കാണിച്ച ആലസ്യമാണ് എ.എം. ശ്രീധരന്റെ കുട്ടികളെ കുടുക്കിയത്. ആറാം മിനിറ്റില്‍ ബ്രസീലിയന്‍ താരം എസ്കോബാറിന്റെ കൃത്യതയാര്‍ന്ന കോര്‍ണര്‍ കിക്ക് ശസ്തി ദുലെ ഇടങ്കാല്‍ ഷോട്ടിലൂടെ വലയിലാക്കി, (2^1). 19ാം മിനിറ്റില്‍  എതിര്‍ ഡിഫന്‍ഡര്‍മാരെ ഒന്നൊന്നായി മറികടന്ന് എസ്കോബാര്‍ നല്‍കിയ പന്ത് ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയില്‍ സുവന്‍ ചക്രവര്‍ത്തി വലയിലാക്കുകയായിരുന്നു.

സി.കെ.എ ജബ്ബാര്‍
Share/Bookmark