രുചിക കേസ്: റാത്തോഡിനെ യുവാവ് കോടതിമുറ്റത്ത് കുത്തി

Tuesday, February 9, 2010
ചണ്ഡീഗഢ്: സ്കൂള്‍ വിദ്യാര്‍ഥിനി രുചിക ഗിര്‍ഹോത്രയെ മാനഭംഗപ്പെടുത്തി, ആത്മഹത്യയിലേക്കു നയിച്ച ഹരിയാന പൊലീസ് മുന്‍ മേധാവി എസ്.പി.എസ് റാത്തോഡിനെ കോടതിമുറിക്കു പുറത്ത് യുവാവ് കുത്തി. 19 കൊല്ലത്തെ വിചാരണക്കൊടുവില്‍ സി.ബി.ഐ കോടതി ഡിസംബറില്‍ റാത്തോഡിനെ ആറുമാസത്തെ തടവിനും 1000 രൂപ പിഴക്കും ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കാന്‍ നല്‍കിയ അപ്പീലുമായി ബന്ധപ്പെട്ട രഹസ്യവിചാരണക്ക് ചണ്ഡീഗഢ് സെഷന്‍സ് കോടതിയില്‍ എത്തി മടങ്ങവെയാണ് ആക്രമണം.

ഉച്ചഭക്ഷണ സമയത്ത്, അഭിഭാഷകയായ ഭാര്യ ആഭക്കൊപ്പം കാറില്‍ കയറാന്‍ ഒരുങ്ങവെയാണ് അഹ്മദാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ വിദ്യാര്‍ഥി ഉല്‍സവ് ശര്‍മ (29) റാത്തോഡിനെ കുത്തിയത്. പത്രലേഖകന്‍ ചമഞ്ഞുനിന്ന ഉല്‍സവ് റാത്തോഡിനെ തോളില്‍ കടന്നുപിടിച്ച്, വലതുകവിളില്‍ മൂന്നുതവണ ചെറിയ കത്തി കുത്തിയിറക്കി. റാത്തോഡിന്റെ മറ്റൊരു അഭിഭാഷകനായ നാരായണ്‍ദത്തിനും  മുറിവേറ്റു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഉല്‍സവിനെ പൊലീസ് കീഴ്പ്പെടുത്തി രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.

ഉത്തര്‍പ്രദേശിലെ വാരാണസി സ്വദേശിയായ ഉല്‍സവ് മാനസിക പ്രശ്നങ്ങള്‍ക്ക് ചികില്‍സയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. രുചികക്ക് നീതികിട്ടാത്തതിനാല്‍ താന്‍ 'നീതി നടപ്പാക്കി'എന്നാണ് ഉല്‍സവിന്റെ മൊഴി. സമീപത്തെ ആശുപത്രിയില്‍ മുറിവുകള്‍ തുന്നലിട്ട റാത്തോഡ്, തുടര്‍വിചാരണക്കായി ഉച്ചതിരിഞ്ഞ് കനത്ത സുരക്ഷയില്‍  വീണ്ടും കോടതിയില്‍ എത്തി.
Share/Bookmark