രാജേന്ദ്രന്‍ ഗൌണ്‍ അണിഞ്ഞത് അകക്കണ്ണിന്‍ വെളിച്ചത്തില്‍

Monday, February 8, 2010
കൊച്ചി: നീതിയുടെ പ്രകാശത്തിലേക്ക് രാജേന്ദ്രന്‍ കറുത്ത ഗൌണ്‍ അണിഞ്ഞെത്തിയത് അകക്കണ്ണിന്റെ വെളിച്ചത്തില്‍. ജന്മനായുള്ള അന്ധതയെ മറികടന്ന് നിയമബിരുദം നേടിയ അദ്ദേഹം ഞായറാഴ്ച ബാര്‍ കൌണ്‍സില്‍ ഓഡിറ്റോറിയത്തില്‍ സനദ് ഏറ്റുവാങ്ങിയപ്പോള്‍ സദസ്സ് സ്വീകരിച്ചത് നിറഞ്ഞ കൈയടിയോടെ.
തിരുവനന്തപുരം നെടിയവിള പുത്തന്‍വീട്ടില്‍ രാജേന്ദ്രന്‍ എന്ന 42 കാരന്‍ നിയമപഠനം പൂര്‍ത്തിയാക്കിയത് ദുരിതങ്ങളിലൂടെയാണ്. 1993ല്‍ എല്‍എല്‍.ബിക്ക് അഡ്മിഷന്‍ ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍മൂലം 2008 ലാണ് പഠനം പൂര്‍ത്തിയാക്കിയത്.എറണാകുളം മഹാരാജാസ് കോളജിലായിരുന്നു പഠനം. നിയമപാഠങ്ങള്‍ റെക്കോഡ് ചെയ്ത് കേട്ടാണ് മനഃപാഠമാക്കിയത്. വര്‍ക്കലയിലെ അന്ധവിദ്യാലയത്തില്‍നിന്ന് കാരണങ്ങളില്ലാതെ തന്നെ ഏഴാംക്ലാസില്‍നിന്ന് പുറത്താക്കിയത് ഉയരങ്ങളില്‍ എത്തണമെന്ന വാശിയുണ്ടാക്കിയതായി രാജേന്ദ്രന്‍ പറഞ്ഞു. പിന്നീട് കോഴിക്കോട് ഗണപതി ബോയ്സ് ഹൈസ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പാസായി. ചങ്ങനാശേരി എസ്.ബി കോളജില്‍നിന്ന് പ്രീഡിഗ്രി കഴിഞ്ഞാണ് എല്‍എല്‍.ബിക്ക് അപേക്ഷിച്ചത്. രാജേന്ദ്രന്‍ സനദെടുക്കുന്നത് കാണാന്‍ ഭാര്യ മെറ്റില്‍ഡയും അമ്മ രാജമ്മയും എത്തിയിരുന്നു.
Share/Bookmark