ഫലസ്തീന്‍ ക്യാമ്പില്‍ ഇസ്രായേല്‍ റെയ്ഡ്: 40 പേര്‍ അറസ്റ്റില്‍

Tuesday, February 9, 2010
ജറൂസലം: വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ പൊലീസ് റെയ്ഡ് നടത്തി  40 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ ബാലന്‍മാര്‍ പൊലീസ് വാഹനങ്ങള്‍ക്കു നേരെ കല്ലേറ് നടത്തി. കിഴക്കന്‍ ജറൂസലമിലെ ശുആഫത് ക്യാമ്പിലാണ് റെയ്ഡ് നടന്നത്. പ്രദേശത്തെ ക്രമസമാധാന നില ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഫലസ്തീന്‍ സംഘടനകളുമായി ബന്ധമുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് 'അല്‍ ജസീറ ചാനല്‍' റിപ്പോര്‍ട്ട് ചെയ്തു.

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നിര്‍മിക്കുന്ന മതിലിനെതിരെ പ്രതിഷേധം നടത്തുന്ന 'സ്റ്റോപ് ദ വാള്‍' എന്ന മനുഷ്യാവകാശ സംഘടനയുടെ ആസ്ഥാനത്തും ഇസ്രായേല്‍ റെയ്ഡ് നടത്തി. കമ്പ്യൂട്ടറുകളും രേഖകളും നശിപ്പിക്കപ്പെട്ടതായി സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, വെസ്റ്റ് ബാങ്കിലെ അപാര്‍ട്മെന്റില്‍നിന്ന് പിടികൂടിയ വിദേശ സമാധാന പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ കോടതി ഉത്തരവിട്ടു. സ്പെയിന്‍കാരിയായ അരിയദ്ന ജോ മാര്‍ടി, ആസ്ത്രേലിയയില്‍ നിന്നുള്ള ബിജിത് ചാപ്പല്‍ എന്നിവരെ വിട്ടയക്കാനാണ് സുപ്രീം കോടതി ഉത്തരവ്. മൂന്നു മാസത്തേക്ക് ഫലസ്തീന്‍  പ്രദേശത്തേക്ക് കടക്കരുതെന്ന് കോടതി ഉത്തരവിട്ടു.
Share/Bookmark