'തീവ്രവാദി ഭീഷണി': എമിറേറ്റ്സിന്റെ ദുബൈ വിമാനം മുംബൈയില്‍ പിടിച്ചിട്ടു

Monday, February 8, 2010
ദുബൈ: യാത്രക്കാരില്‍ തീവ്രവാദിയുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ദുബൈക്കുള്ള എമിറേറ്റ്സ് വിമാനം മുംബൈ വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ പിടിച്ചിട്ടു. മുംബൈയില്‍ നിന്ന് ഇന്നലെ രാവിലെ 8.30ന് ദുബൈക്ക് പുറപ്പെടാനിരുന്ന എമിറേറ്റ്സിന്റെ EK505 നമ്പര്‍ വിമാനമാണ് പറന്നുയരുന്നതിന് തൊട്ടുമുമ്പ് തിരിച്ചുവിളിച്ചത്.
വിമാനത്തിന്റെ എഫ്^17 സീറ്റില്‍ ഷഹ്ബാസ് ഖാന്‍ എന്ന ലഷ്കറെ ത്വയ്യിബ തീവ്രവാദി യാത്ര ചെയ്യുന്നതായി വന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ് വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ നിണ്ട പരിഭ്രാന്തിക്ക് കാരണമാക്കിയത്. 356 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സന്ദേശം ലഭിച്ചയുടന്‍ വിമാനം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
70കാരനായ ഷഹ്ബാസ് ഖാനെയും ഭാര്യയെയും പൊലീസ് അറസ്റ്റുചെയ്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്. യാത്രക്കാരുടെ ബാഗേജുകളടക്കം അരിച്ചുചെറുക്കിയ ശേഷം നാല് മണിക്കൂറോളം വൈകി 12 മണിയോടെയാണ് വിമാനം ദുബൈക്ക് പുറപ്പെട്ടത്.
അറസ്റ്റിലായ വൃദ്ധന്റെ മകനാണ് വിമാനത്തില്‍ തീവ്രവാദിയുണ്ടെന്ന് വിളിച്ചുപറഞ്ഞതെന്ന് ചില വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
Share/Bookmark