ജീവിതം തിരിച്ചുപിടിക്കാന്‍ നിയമത്തിന്റെ വഴിയിലൂടെ രണ്ടുവര്‍ഷം...
Monday, February 8, 2010
സ്പോണ്‍സറുടെ കൈവശമുള്ള പാസ്പോര്‍ട്ടും അഞ്ചുമാസത്തെ ശമ്പളവും വാങ്ങി നാട്ടിലേക്ക് മടങ്ങാന്‍ ഗുരുവായൂര്‍ സ്വദേശി ശിവദാസ് രത്നപ്രകാശ് രണ്ടുവര്‍ഷമായി നിയമപോരാട്ടത്തിലാണ്. നാലുവര്‍ഷം മുമ്പാണ് പ്രകാശ് ഡ്രൈവറായി എത്തിയത്. ജോലി ചെയ്തിരുന്ന കോഫി ഷോപ്പ് സ്പോണ്‍സര്‍ മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കിയപ്പോള്‍ പുതിയ ആള്‍, ഡ്രൈവറെ ആവശ്യമില്ലെന്നു പറഞ്ഞ് പ്രകാശിനെ പറഞ്ഞയച്ചു. ഗത്യന്തരമില്ലാതെ പഴയ സ്പോണ്‍സറുടെ വര്‍ക്ക്ഷോപ്പിലും മറ്റും നാലുമാസം ശമ്പളമില്ലാതെ പണിയെടുക്കേണ്ടിവന്നു. പിന്നീട് സ്പോണ്‍സറുടെ അനുവാദത്തോടെ പ്രകാശ് മറ്റൊരു കമ്പനിയില്‍ കയറി. അവര്‍ ജോലി വാഗ്ദാനം ചെയ്തപ്പോള്‍ ഒരു മാസത്തിനുശേഷം അവിടെ നിന്നുള്ള ഓഫര്‍ ലെറ്ററുമായി പാസ്പോര്‍ട്ടിന് പഴയ സ്പോണ്‍സറെ സമീപിച്ചു. എന്നാല്‍, താന്‍ കട വാടകക്ക് നല്‍കിയയാളുടെ കീഴില്‍ ഒരു മാസമെങ്കിലും ജോലി ചെയ്യണമെന്നും അതു കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് തരാമെന്നുമായിരുന്നു മറുപടി. മറ്റ് മാര്‍ഗമില്ലാതെ പ്രകാശ് വാടകക്കാരന്റെ കീഴില്‍ ജോലിയെടുത്തു. വീണ്ടും സ്പോണ്‍സറെ സമീപിച്ചെങ്കിലും പാസ്പോര്‍ട്ട് നല്‍കിയില്ലെന്ന് പ്രകാശ് പറയുന്നു. മറ്റ് വഴിയില്ലാതെ ഒരു വര്‍ഷവും നാലു മാസവും ഈ കടയില്‍ ജോലി ചെയ്തു. 12 മണിക്കൂര്‍ വരെയായിരുന്നു ഇവിടെ ജോലി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ രാജിക്കത്ത് നല്‍കി. ഇതിനിടെ ഹൃദ്രോഗത്തെതുടര്‍ന്ന് അമ്മയുടെ നില ഗുരുതരമായി. പാസ്പോര്‍ട്ടിനുവേണ്ടി എംബസിയിലും തൊഴില്‍ മന്ത്രാലയത്തിലും പരാതി നല്‍കി. എംബസി അധികൃതര്‍ സ്പോണ്‍സറുമായി നിരവധി തവണ ബന്ധപ്പെടുകയും പാസ്പോര്‍ട്ടും ടിക്കറ്റും നല്‍കാമെന്ന് സ്പോണ്‍സര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. 2008 മെയിലാണ് ഈ സംഭവം. എന്നാല്‍ പാസ്പോര്‍ട്ട് നല്‍കാമെന്നുപറഞ്ഞ ദിവസം പ്രകാശ് ചാടിപ്പോയെന്നുപറഞ്ഞ് ഈസാടൌണ്‍ പോലിസ് സ്റ്റേഷനില്‍ കേസ് കൊടുത്തു. പ്രകാശ് മുമ്പേ പരാതി നല്‍കിയിരുന്നതുകൊണ്ട് അറസ്റ്റ് ചെയ്തില്ല. തൊഴില്‍മന്ത്രാലയത്തില്‍ നല്‍കിയ കേസില്‍, പ്രകാശിന് 2137 ദിനാറും പാസ്പോര്‍ട്ടും ടിക്കറ്റും നല്‍കാന്‍ 2009 ജനുവരിയില്‍ വിധിച്ചു. എന്നാല്‍ സ്പോണ്‍സര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതിവിധിയും പ്രകാശിന് അനുകൂലമായിരുന്നു; നേരത്തെ അനുവദിച്ച തുകയും ടിക്കറ്റും പാസ്പോര്‍ട്ടും നല്‍കണമെന്ന് 2009 സപ്തംബറില്‍ വിധിച്ചു. എന്നാല്‍, ഇതുവരെയും പ്രകാശിന് തുക ലഭിച്ചില്ല. ഇതിനിടെ, 1000 ദിനാറും ടിക്കറ്റും പാസ്പോര്‍ട്ടും തന്നാല്‍ പരാതി ഒത്തുതീര്‍ക്കാമെന്ന് അഭിഭാഷക മുഖേന സ്പോണ്‍സറെ അറിയിച്ചെങ്കിലും പാസ്പോര്‍ട്ട് തിരിച്ചുകൊടുക്കാന്‍ സ്പോണ്‍സര്‍ 85 ദിനാര്‍ ആവശ്യപ്പെട്ടതായി പ്രകാശ് പറഞ്ഞു. മൈഗ്രന്റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ആക്ഷന്‍ കമ്മിറ്റി മേധാവി മരീറ്റ ഡയസിനൊപ്പം ഹൈക്കോടതി ഓഫീസിലെത്തി അന്വേഷിച്ചപ്പോള്‍, വിധിക്കെതിരെ സ്പോണ്‍സര്‍ കാസേഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പണം അടച്ചതായാണ് അറിയാന്‍ കഴിഞ്ഞതെന്ന് പ്രകാശ് പറഞ്ഞു. സാധാരണ തൊഴില്‍ പരാതികള്‍ കാസേഷന്‍ കോടതി വരെ എത്താറില്ലെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു. അതുകൊണ്ട് പ്രകാശിന്റെ കേസ് പ്രാധാന്യമുള്ളതാണ്. കാസേഷന്‍ കോടതിയാണ് ഇനി അന്തിമ വിധി പറയേണ്ടത്. നിയമം പ്രകാശിന് പരമാവധി സംരക്ഷണമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അഞ്ചുമാസത്തെ ശമ്പളവും ടിക്കറ്റും അടക്കം 900 ദിനാറാണ് ലഭിക്കാനുള്ളുവെങ്കിലും നഷ്ടപരിഹാരമടക്കം 2137 ദിനാര്‍ നല്‍കാനായിരുന്നു വിധി. തൊഴില്‍ കോടതിയില്‍ പരാതി നല്‍കിയതുമുതല്‍ എംബസി ലീഗല്‍ സെല്ലാണ് പ്രകാശിന് നിയമസംരക്ഷണം നല്‍കുന്നത്. ഇതുവരെയുള്ള പോരാട്ടത്തില്‍ നിയമവും കോടതികളും പ്രകാശിനൊപ്പമായിരുന്നതുകൊണ്ട് ഉന്നത കോടതിയുടെ വിധിക്ക് അല്‍പം കൂടി കാത്തിരിക്കാനാണ് എംബസി അധികൃതരുടെ നിര്‍ദേശം. സ്ഥിരമായ ജോലിയില്ലാതെ പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയിലാണിയാള്‍. കോടതി വിധിച്ച തുക ലഭിച്ചാലും കടം വീട്ടാന്‍ തികയില്ല. ബേക്കറി സെയില്‍സ്മാനായി ഓഫര്‍ ലെറ്റര്‍ കിട്ടിയിട്ടുണ്ടെങ്കിലും കേസ് കഴിയുന്നതുവരെ പുതിയ ജോലിക്ക് പോകാനുമാകില്ല. ഹൃദയശസ്ത്രക്രിയക്കുശേഷം ഐ.സി.യുവില്‍ കഴിയുന്ന അമ്മയും രണ്ട് മക്കളും ഭാര്യയും നാലുവര്‍ഷമായി പ്രകാശിനെ ഒരുനോക്കുകാണാന്‍ കാത്തിരിക്കുകയാണ്. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷമാണ് അമ്മക്ക് ഹൃദയവാല്‍വില്‍ വീണ്ടും ബ്ലോക്ക് വന്നത്. പേസ് മേക്കര്‍ ഘടിപ്പിച്ച് ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഏതുനേരവും മകനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഈ അമ്മ. രണ്ടു മക്കളെ കണ്ടും ഓമനിച്ചും കൊതി തീരും മുമ്പ് പോന്നതാണ് പ്രകാശ്. മൂത്തയാള്‍ ആകാശ് ഇപ്പോള്‍ ആറിലും താഴെയുള്ള പ്രവീണ്‍ മൂന്നിലും പഠിക്കുന്നു, അച്ഛന്റെ രൂപം ഓര്‍മയില്‍ സൂക്ഷിച്ച്. പ്രകാശിന്റെ ഓരോ ദിവസവും പുലരുന്നത് കാത്തിരിപ്പിന്റെ ഈ മുഖങ്ങളിലേക്കാണ്. ഇത്രയും നാള്‍ ജീവിച്ചതിന്റെ കടം വീട്ടി, നാളെ നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണ് ഓരോ ദിവസവും ഇയാള്‍ ഉണരുന്നത്. കെ. കണ്ണന്‍ |
പുതിയ വാര്‍ത്തകള്‍ |