ജലവിഭവ വകുപ്പ് പുതിയ ഉത്തരവിറക്കി; കലക്ടറുടെ നടപടി അനിശ്ചിതത്വത്തിലാകും

Tuesday, February 9, 2010
മൂന്നാര്‍: ടാറ്റയുടെ അനധികൃത ഡാം പൊളിക്കാനുള്ള നടപടിയും ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പോലെ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നതായി സൂചന. അഡ്വക്കറ്റ് ജനറലിന്റെ എതിര്‍പ്പ് മറികടന്ന് ടാറ്റയില്‍ നിന്ന് തെളിവെടുപ്പ് നടത്തി ഡാം പൊളിക്കാനുള്ള ഉത്തരവിടാനുള്ള ഒരുക്കങ്ങളിലേക്ക് ഇടുക്കി ജില്ലാ കലക്ടര്‍ നീങ്ങുമ്പോഴാണ് നടപടികള്‍ തടയുന്ന രീതിയില്‍ കാര്യങ്ങള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ എത്തിയത്. അഡ്വക്കറ്റ് ജനറലിന്റെ നിര്‍ദേശം അംഗീകരിച്ച് ഇന്നലെ വൈകുന്നേരം ജല വിഭവ വകുപ്പിനെക്കൊണ്ട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിച്ചു. ഡാം പൊളിക്കാന്‍ കലക്ടറോട് നിര്‍ദേശിക്കുന്ന പുതിയ ഉത്തരവാണ് ഇന്നലെ വൈകുന്നേരം ഇറങ്ങിയത്.

കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡാം പൊളിക്കാന്‍ കലക്റോട് നിര്‍ദേശിക്കുന്ന ഉത്തരവായിരുന്നു ആദ്യം ഇറങ്ങിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹിയറിങ് നടത്തിയാണ് ഇന്ന് ഡാം പൊളിക്കാന്‍ ഇന്നലെ കലക്ടര്‍ തീരുമാനിച്ചത്. പുതിയ ഉത്തരവ് ഇറക്കി ഹിയറിങ് തടസ്സപ്പെടുത്താനുള്ള എ.ജിയുടെ നടപടി മറികടന്നായിരുന്നു ഇത്.

ഇതിന് പിന്നാലെ എ.ജിയുടെ സമ്മര്‍ദ പ്രകാരം ചീഫ് സെക്രട്ടറി നിര്‍ദേശിച്ചതനുസരിച്ച് പുതിയ ഉത്തരവ് ഇറങ്ങിയതോടെ ആദ്യ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തെളിവെടുപ്പ് നടത്തി ഡാം പൊളിക്കാന്‍ തീരുമാനിച്ച കലക്ടറുടെ നടപടി അപ്രസക്തമായതായാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എ.ജിയുടെ നടപടി ടാറ്റയെ സഹായിക്കുന്നതായി ചൂണ്ടിക്കാട്ടി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് അത് വകവെക്കാതെ ഡാം പൊളിക്കല്‍ പ്രതിസന്ധിയിലാക്കുന്ന പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. ആദ്യ ഉത്തരവില്‍ നിന്ന് 'കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍' എന്ന ഭാഗം ഒഴിവാക്കി  'ഡാം പൊളിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തുന്നു' എന്ന ഉത്തരവാണ് പുതുതായി ഇറക്കിയിരിക്കുന്നത്. ഒരു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തെളിവെടുപ്പ് നടത്തിയ ശേഷം തിരുത്തിയ ഉത്തരവ് പുറത്തിറക്കുക വഴി ടാറ്റക്ക് അനുകൂലമായി നിയമപരമായി കാര്യങ്ങള്‍ മാറ്റിമറിച്ചിരിക്കുകയാണ്.
Share/Bookmark