അഫ്ഗാന്‍ വീണ്ടും ചോരക്കളമാവും

Tuesday, February 9, 2010
കാബൂള്‍: അഫ്ഗാനിസ്താനില്‍ അധിനിവേശ സൈന്യം താലിബാനെതിരെ വന്‍ യുദ്ധത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയതോടെ കൂടുതല്‍ പ്രദേശവാസികള്‍ പലായനം തുടങ്ങി. കീഴടങ്ങിയില്ലെങ്കില്‍ താലിബാനെ ഉന്മൂലനം ചെയ്യുമെന്ന നാറ്റോ മുന്നറിയിപ്പ് ഇന്നലെ തള്ളിയതോടെ അഫ്ഗാന്‍ വീണ്ടും ചോരക്കളമാവുമെന്ന് ഭീതിപരന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദക്ഷിണ മേഖലയിലെ മര്‍ജാ അടക്കമുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങള്‍ വന്‍തോതില്‍ ഒഴിഞ്ഞുപോക്ക് ആരംഭിച്ചത്. പതിനായിരത്തോളം പേര്‍ ഇതിനകം വീടൊഴിഞ്ഞതായി പ്രവിശ്യാ സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. പലായനം ചെയ്യുന്നവര്‍ക്കായി ലശ്കര്‍ ഗാഹില്‍ ടെന്റുകള്‍ നിര്‍മിച്ചതായും ഭക്ഷണവിതരണം നടത്തുന്നതായും ഹെല്‍മന്ദ് പ്രവിശ്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

400 കുടുംബങ്ങള്‍ ഇതിനകം പലായനം ചെയ്തിട്ടുണ്ടെന്ന് അഭയാര്‍ഥികളുടെ പുനരധിവാസ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഗുലാം ഫാറൂഖ് അറിയിച്ചു. രാജ്യാന്തര സേനയുടെ സഹായത്തോടെ പ്രവിശ്യാ തലസ്ഥാനമായ ലശ്കര്‍ ഗാഹില്‍ ഇതിനകം 70 ടെന്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. രണ്ട് സ്കൂളുകളില്‍ പ്രത്യേക ക്യാമ്പുകള്‍ തുറന്നതായും അദ്ദേഹം അറിയിച്ചു.

മര്‍ജാ മേഖലയില്‍ നാറ്റോ യുദ്ധവിമാനങ്ങളില്‍ നിരവധി സൈനികര്‍ എത്തിച്ചേര്‍ന്നതായി അഭയാര്‍ഥി ക്യാമ്പിലെ അന്തേവാസികള്‍ പറഞ്ഞു. മധ്യ ഹെല്‍മന്ദ് താഴ്വരയില്‍ പതിനായിരക്കണക്കിന് വിദേശ സൈനികര്‍ തമ്പടിച്ചിട്ടുണ്ട്. 1.5 ലക്ഷത്തോളം സൈനികര്‍ ആക്രമണത്തില്‍ പങ്കെടുക്കുമെന്ന് യു.എസ് കമാന്‍ഡര്‍ ജനറല്‍ സ്റ്റാന്‍ലി മക്ക്രിസ്റ്റല്‍ പറഞ്ഞു. താലിബാന്‍കാരെ കൊന്നൊടുക്കുകയല്ല, പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഓപറേഷന്‍ മുശ്തരഖ് എന്നു പേരിട്ട സൈനിക നടപടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. 2001ലെ അധിനിവേശത്തിനുശേഷം നാറ്റോ നടത്തുന്ന ഏറ്റവും വലിയ ആക്രമണമായിരിക്കും ഇത്.

ഹെല്‍മന്ദ് പ്രവിശ്യയെ കേന്ദ്രീകരിച്ച് നടത്തുന്ന ആക്രമണം കാന്തഹാര്‍ പ്രവിശ്യയിലെ താലിബാന്‍ മേഖലകളെയും ലക്ഷ്യമിടുന്നുണ്ട്.
കീഴടങ്ങാന്‍ ഉദ്ദേശ്യമില്ലെന്നും വിദേശ സൈനികര്‍ക്കെതിരെ പോരാടുമെന്നും താലിബാന്‍ വക്താവ് യൂസുഫ് അഹ്മദി എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആക്രമണം ചെറുക്കുന്നതിന് ഗ്രാമങ്ങളില്‍ താലിബാന്‍ കുഴിബോംബുകള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ടുണ്ട്. മരണംവരെ പോരാടുന്നതിന് രണ്ടായിരം അംഗങ്ങള്‍ തയാറായതായി താലിബാന്‍ നേതാവ് അബ്ദുല്ല നസ്റത്തിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ദക്ഷിണ അഫ്ഗാനിസതാനില്‍ ബോംബാക്രമണത്തില്‍ രണ്ട് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. താലിബാനെതിരായ ആക്രമണത്തിന് എത്തിയ സൈനികരാണ് കൊല്ലപ്പെട്ടത്. താലിബാന്‍ ആക്രണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Share/Bookmark