അഡ്വക്കറ്റ് ജനറലിന്റെ നടപടി വിവാദത്തിലേക്ക്
Tuesday, February 9, 2010
ടാറ്റ മൂന്നാറില്‍ അനധികൃതമായി ഡാമും വൈദ്യുതി വേലിയും സ്ഥാപിച്ചതായി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിങിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിസഭാ ഉപസമിതി മൂന്നാര്‍ സന്ദര്‍ശിച്ചു. അതിന് ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടാറ്റയുടെ അനധികൃത ഡാമുകളും കമ്പിവേലിയും പൊളിച്ച് മാറ്റാന്‍ കലക്ടറെ ചുമതലപ്പെടുത്തിയത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ടാറ്റ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡാം പൊളിക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുന്നുവെന്നായിരുന്നു ഉത്തരവ്. ശനിയാഴ്ച ഡാം പൊളിക്കുന്നതിനെതിരായ ടാറ്റയുടെ ഹരജി ഹൈ കോടതി പരിഗണിച്ചപ്പോള്‍ ഡാം പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ആദ്യം എ.ജി അറിയിച്ചത്. അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു എ.ജിയുടെ വിശദീകരണം. ഇതിനെതിരെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ തന്നെ രംഗത്ത് വന്നു. എല്ലാ രേഖകളും മന്ത്രിസഭാ തീരുമാനവും നേരത്തേ നല്‍കിയിട്ടും എ.ജി കോടതിയില്‍ സ്വീകരിച്ച അവ്യക്തത നിറഞ്ഞ നിലപാടിനെ റവന്യൂ വകുപ്പ് വിമര്‍ശിച്ചു. ഉച്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുംമുമ്പ് മന്ത്രിസഭാ തീരുമാനത്തിന്റെ കോപ്പിയടക്കം എ.ജിക്ക് ഫാക്സ് ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ എ.ജി പിന്നീട് കോടതിയില്‍ വിശദീകരണം നടത്തിയെങ്കിലും അതും പൂര്‍ണമായും സര്‍ക്കാര്‍ നിലപാടായിരുന്നില്ല. കേസ് ഹൈ കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. മന്ത്രിസഭാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ഇതിനിടെ ടാറ്റക്ക് തെളിവെടുപ്പിന് നോട്ടീസ് നല്‍കാന്‍ നടപടി സ്വീകരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കലക്ടറുടെ ചേംബറില്‍ തെളിവെടുപ്പ് നടത്തുമെന്നായിരുന്നു നോട്ടീസ്. ഇത് ടാറ്റ കൈപ്പറ്റിയില്ല. ഓഫിസിലൊട്ടിച്ച നോട്ടീസ് കീറിക്കളയുകയും ചെയ്തു. ഇതിനിടെ സര്‍ക്കാര്‍ ഉത്തരവ് മാറ്റണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ എ.ജി രംഗത്തെത്തിയതാണ് പുതിയ വിവാദത്തിനിടയാക്കിയത്. മന്ത്രിസഭ നേരിട്ട് ഡാം പൊളിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തുന്നു എന്ന രീതിയില്‍ പുതിയ ഉത്തരവ് ഇറക്കണമെന്നായിരുന്നു എ.ജിയുടെ ആവശ്യം. അതുവരെ ഹിയറിങ് നടത്തരുതെന്നും ആവശ്യപ്പെട്ടു.എ.ജിയുടെ നടപടിക്കെതിരെ മന്ത്രിമാരും റവന്യൂ വകുപ്പും ശക്തമായി രംഗത്തെത്തി. ഹിയറിങ് നടത്തിയേതീരൂവെന്ന് കലക്ടറോട് നിര്‍ദേശിച്ചു. എ.ജിയുടെ നിര്‍ദേശത്തിന് സര്‍ക്കാര്‍ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ടാറ്റ തെളിവെടുപ്പിനെത്തി. ഇതിന് പിന്നാലെയാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജിയുടെ നടപടിക്കെതിരെ ചീഫ് സെക്രട്ടറിയെ സമീപിച്ചത്. ചൊവ്വാഴ്ച ഹൈ കോടതി കേസ് പരിഗണിക്കുമ്പോള്‍ എ.ജിക്ക് പകരം രഞ്ജിത് തമ്പാന്‍ ഹാജരാകണമെന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. പി.കെ. പ്രകാശ് |