Tuesday, February 9, 2010
കല്‍പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ജനതാദള്‍ നേതാവുമായ അഡ്വ. ജോര്‍ജ് പോത്തന്റെ കൈവശമുള്ള വിവാദഭൂമിയും സി.പി.എം നേതൃത്വം നല്‍കുന്ന ആദിവാസി സംഘടനയായ ആദിവാസി ക്ഷേമസമിതി (എ.കെ.എസ്) കൈയേറി കുടില്‍കെട്ടി. എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എയുടെ പേരില്‍ മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരിയിലെ 13.84 ഏക്കര്‍ ഭൂമി റവന്യൂ ഭൂമിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം എ.കെ.എസ് പ്രവര്‍ത്തകര്‍ ഭൂമി കൈയേറിയതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും ഭൂമി കൈയേറ്റം നടന്നത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പോത്തന്റെ ഭൂമി കൈയേറിയത്.
സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാന്‍ ഇടതു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ ഭൂമി ആര്, എവിടെ കൈയേറിയാലും കൊടിയുടെ നിറം നോക്കാതെ ഒഴിപ്പിക്കുമെന്നും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്കായി വയനാട്ടിലെത്തിയ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, വയനാട്ടില്‍ എ.കെ.എസ് നടത്തിയ ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമോ എന്നതടക്കം ചോദ്യങ്ങളില്‍ നിന്ന് റവന്യൂ മന്ത്രി തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി.
അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി കൈയേറിയാല്‍ ഒഴിപ്പിക്കുക സര്‍ക്കാര്‍ നയമാണ്. കൈയേറ്റത്തിന് സഹായകരമായ നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിച്ച് ഭൂരഹിതര്‍ക്ക് നല്‍കുന്നതിനായി സര്‍ക്കാര്‍ ലാന്‍ഡ് ബാങ്ക് രൂപവത്കരിച്ചിട്ടുണ്ട്. ലാന്‍ഡ് ബാങ്കിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 17ന് തിരുവനന്തപുരത്ത് നടത്തും. വനാവകാശ നിയമം വഴി ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനെതിരെ പരിസ്ഥിതി സംഘടന നല്‍കിയ ഹരജിയില്‍ ഹൈ കോടതി പുറപ്പെടുവിച്ച സ്റ്റേ ഇന്നലെ കോടതി ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദിവാസി ഭൂമി വിതരണം ത്വരിതപ്പെടുത്തും. വനാവകാശ നിയമത്തില്‍ ഉള്‍പ്പെടാത്ത ആദിവാസികള്‍ക്കും ഭൂമി നല്‍കും. ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്കും ഭൂമി നല്‍കും. വയനാട്ടില്‍ ഭൂമി കൈയേറിയവരുമായി ചര്‍ച്ച നടത്തില്ലെന്ന് പറഞ്ഞ മന്ത്രി ജില്ലയിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
വെള്ളാരംകുന്നിലെ കാഡ്ബറി ഇന്ത്യാ ലിമിറ്റഡ് കമ്പനി തോട്ടത്തില്‍ ജന്മാവകാശം വാങ്ങിയവരില്‍ നിന്ന് രജിസ്ട്രേഡ് ആധാര പ്രകാരമാണ് 117.8 ഏക്കര്‍ സ്ഥലം അഡ്വ. ജോര്‍ജ് പോത്തന്റെ കൈവശം എത്തിച്ചേര്‍ന്നത്.
ഇതില്‍ നിന്ന് പോത്തന്‍ കിന്‍ഫ്രക്ക് പാര്‍ക്കിന് വേണ്ടി നല്‍കിയ 50 ഏക്കര്‍ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കാന്‍ സര്‍ക്കാര്‍ 2008 ഓഗസ്റ്റ് 19ന് ഉത്തരവിട്ടിരുന്നു. ഭൂപരിഷ്കരണ നിയമപ്രകാരം സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ട ഭൂമിയാണ് ജോര്‍ജ് പോത്തന്‍ കൈവശപ്പെടുത്തിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ട ഭൂമി സര്‍ക്കാറിന് തന്നെ മറിച്ച് വിറ്റ് കോടികളുടെ ക്രമക്കേട് നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കിന്‍ഫ്ര ഭൂമിയുടെ 50 ഏക്കര്‍ സ്ഥലത്തിന്റെ പോക്കുവരവ് റദ്ദാക്കാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജ് പോത്തന്റെ കൈവശം ബാക്കിയുള്ള 69 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. ഈ ഭൂമിയിലാണ് ആദിവാസികള്‍ ഇന്നലെ കൈയേറ്റം നടത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ കൈയേറ്റ സമരം ഉദ്ഘാടനം ചെയ്തു. തന്റെ പേരിലുള്ള ഭൂമി കൈയേറാന്‍ ശ്രമമുണ്ടെന്നും കാണിച്ച് ജോര്‍ജ് പോത്തന്‍ ഇന്നലെ രാവിലെ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഏകദേശം 380 ഓളം ആദിവാസി കുടുംബങ്ങളാണ് ഭൂമി കൈയേറാനെത്തിയത്. ഇന്നലെ വൈകീട്ടോടെ എ.കെ.എസ് ജില്ലാ പ്രസിഡന്റ് സീതാ ബാലന്‍, സെക്രട്ടറി പി. വാസുദേവന്‍ എന്നിവരടക്കം 18 ഓളം എ.കെ.എസ് പ്രവര്‍ത്തകരെ പൊലീസ് സമര ഭൂമിയില്‍ നിന്ന് അറസ്റ്റ് ചെയ്തു നീക്കി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കയറിയതിന് ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പി. കൃഷ്ണപ്രസാദ് എം.എല്‍.എ, സി.പി.എം നേതാക്കളായ ഇ.എ. ശങ്കരന്‍, എം.ഡി. സെബാസ്റ്റ്യന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. മധു എന്നിവര്‍ സംബന്ധിച്ചു. കല്‍പറ്റ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.ഭൂമി കൈയേറ്റത്തില്‍ പ്രതിഷേധിച്ച് ഈ മാസം 12ന് കല്‍പറ്റയില്‍ ബഹുജന റാലി സംഘടിപ്പിക്കാന്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് നേതാക്കളും അന്ന് ജില്ലയിലെത്തുന്നുണ്ട്. രാവിലെ യു.ഡി.എഫ് ഉന്നതതല യോഗം കല്‍പറ്റയില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്. കൈയേറ്റ സ്ഥലങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.