പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍

വിമോചന പോരാട്ട സംഘടനയും ഫാഷിസ്റ്റ് സംഘടനയും ഒരേ പട്ടികയിലോ?

'മതം വഴി മതനിരപേക്ഷത' എന്ന ശീര്‍ഷകത്തില്‍ ബാബു പോള്‍ മാധ്യമത്തില്‍ (ഫെബ്രു. 24) എഴുതിയ ലേഖനത്തില്‍ ഹിന്ദു തീവ്രവര്‍ഗീയ സംഘടനയായ സംഘ്പരിവാറിനൊപ്പം ഫലസ്തീനിലെ വിമോചനപോരാട്ട സംഘടനയായ ഹമാസിനെ ചേര്‍ത്തുപറഞ്ഞത് അസംബന്ധമാണ്.

നാട്ടുതാലപ്പൊലികളെ 'പൂര'മാക്കരുതേ!

ഒരാണ്ടത്തെ കാര്‍ഷികവേലയുടെ സഫലമായ വിളവെടുപ്പിന്റെ ഫലവും സന്തോഷവും ഗ്രാമദേവതക്ക് സമര്‍പ്പിക്കുന്ന നാട്ടുതാലപ്പൊലികളെ എമ്പാടും 'പൂര'മാക്കി മാറ്റുന്ന ഒരു 'ഫ്‌ളക്‌സ്' സംസ്‌കാരം അതിവേഗം പടരുന്നത് കാണുന്നു. 'താലപ്പൊലി'ക്കും 'ഉല്‍സവത്തിനും' പൂരത്തിനും പ്രകടമായ അര്‍ഥഭേദങ്ങളുണ്ട്. ആ വാക്കുകള്‍ അര്‍ഥമറിഞ്ഞു വേണം പ്രയോഗിക്കാന്‍. യഥാര്‍ഥ പൂരങ്ങള്‍ എണ്ണത്തില്‍ കുറവാണ്. ആറാട്ടുപുഴ, പെരുവനം, തിരുമാന്ധാംകുന്ന്, ചിനക്കത്തൂര്‍ എന്നിങ്ങനെയാണവ. ഊത്രാളിയിലും നെന്മാറയിലുമൊക്കെ വേലയാണ്. ഗുരുവായൂരും വൈക്കത്തും ശബരിമലയിലും ഏറ്റുമാനൂരും ചെര്‍പ്പുളശ്ശേരിയിലും തിരുവേഗപ്പുറയിലുമൊക്കെ ചിട്ട പ്രധാനമായ ഉല്‍സവമാണ്.

പാരമ്പര്യ വൈദ്യം അംഗീകരിക്കണമെന്നോ?

സംഘടിത ശക്തിയാല്‍ എന്തും നേടിയെടുക്കാമെന്നുള്ള ധാരണ കേരള സമൂഹത്തില്‍ വ്യാപകമായിരിക്കുന്നു. ഇതിന് ഉത്തമോദാഹരണമാണ് പാരമ്പര്യ വൈദ്യന്മാരെ അംഗീകരിക്കണമെന്ന മുറവിളി. അധ്വാനിക്കാതെ സമ്പാദിക്കാനുള്ള ത്വരയാണ് ഈ ആവശ്യത്തിന് പിന്നില്‍. കേരളത്തില്‍ ഇന്ന് ഏകദേശം 20 മെഡിക്കല്‍ കോളജുകളും 10 ആയുര്‍വേദ കോളജുകളും അഞ്ച് ഹോമിയോ കോളജുകളും ഉണ്ട്. ഇതിന് പുറമെ തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും മറ്റും അംഗീകൃത സ്ഥാപനത്തില്‍ മെറിറ്റ്, സ്വാശ്രയ സീറ്റുകളില്‍ പ്രവേശനം ലഭ്യമാണ്. തലവരിയില്ലാതെയും പ്രവേശനം ലഭ്യമാണ്. എന്നാല്‍, അഞ്ചര വര്‍ഷം അധ്വാനിക്കേണ്ടിവരും.

എം.എഫ്. ഹുസൈന്റെ പൗരത്വം

വിഖ്യാത ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ മതഭ്രാന്തന്മാരുടെ ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ് നാടുകളില്‍ അഭയാര്‍ഥിയായി കഴിയേണ്ടി വന്നിട്ട് മൂന്നുനാലു വര്‍ഷമായി. ഒടുവില്‍ ഖത്തര്‍ പൗരത്വം കൂടി സ്വീകരിച്ചു. ലോക പ്രശസ്തനായ ഒരു ചിത്രകാരന് നമ്മുടെ നാട്ടില്‍ ഇതാണ് ഗതിയെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് മേനി നടിക്കുന്ന നമ്മള്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു.

ക്ഷേമനിധി ഏര്‍പ്പെടുത്തണം

പത്രജീവനക്കാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചതായി അറിയാന്‍ കഴിഞ്ഞു. നല്ലതുതന്നെ. പത്ര വ്യവസായത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രധാനപ്പെട്ട മറ്റൊരു വിഭാഗമാണ് ഏജന്റുമാരും വിതരണക്കാരും. കാറ്റായാലും മഴയായാലും മഞ്ഞായായാലും സ്വന്തം അച്ഛനമ്മമാര്‍ മരിച്ചാല്‍ പോലും ലീവെടുക്കാതെ നാലുമണി വെളുപ്പിന് എഴുന്നേറ്റ് പത്രം വിതരണം ചെയ്യുന്ന ഇവരുടെ ദുഃഖങ്ങളും ദുരിതങ്ങളും പത്ര മുതലാളിമാരോ സര്‍ക്കാറോ അറിയാറില്ല (അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നു).
Syndicate content
Share/Bookmark