ദേശീയം

ലോക്സഭയില്‍ ബഹളം ; രാജ്യസഭയില്‍ വാക്കൌട്ട്

ന്യൂദല്‍ഹി : ഇന്നലെ രാജ്യസഭയില്‍ നിന്നും തങ്ങളുടെ ഏഴ് എം.പിമാരെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്.പി, ആര്‍.ജെ.ഡി. അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. എം.പിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വാക്കൌട്ട്. സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും മറ്റു ചില സഭാ അംഗങ്ങളും സസ്പെന്‍ഷന്‍ പിന്‍വക്കുന്നതിന് അനുകൂലമായി സംസാരിച്ചു. 

ഉപേക്ഷിച്ച വെടിയുണ്ട പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു

ഷിംല : ഹിമാചല്‍ പ്രദേശിലെ ആര്‍മി ഫയറിങ് റേഞ്ചിനടുത്ത് ഉപേക്ഷിച്ച വെടിയുണ്ട പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. ഉപയോഗിച്ച് കളഞ്ഞ വെടിയുണ്ടക്ക് മുകളിലുള്ള അവശിഷ്ടം കുട്ടികള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. വെടിയുണ്ടകള്‍ പൊട്ടിന്‍ ശ്രമിക്കവെ പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ കൊല്ലപ്പെടുകയായരുന്നു എന്ന് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ജീറ്റ് സിങ് പറഞ്ഞു. കാന്‍ഗ്ര ജില്ലയിലെ കോഹ്ല ഗ്രാമത്തില്‍ താമസിക്കുന്ന ഷൈല്‍, രാഹുല്‍, ചന്ദന്‍ എന്നിവരാണ് മരിച്ചത്.  ഇവരില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്.

മാവോയിസ്റ്റുകള്‍ ജെ.എം.എം നേതാവിനെ വധിച്ചു

സിംഡേഗ :ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ബിര്‍സ ബഡയ്കയെ മാവോയിസ്റ്റുകള്‍ ചൊവ്വാഴ്ച രാത്രി വെടിവെച്ചു കൊന്നു. സിംഡേഗ ജില്ലയിലെ ബാനോ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ  അദ്ദേഹത്തിന്റെ വീട്ടിനടുത്ത് വെച്ചാണ് 15 പേരടങ്ങുന്ന സംഘം വെടിവെച്ചത് എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ബരുണ്‍ കുമാര്‍ പറഞ്ഞു. ജെ.എം.എമ്മിന്റെ ബ്ലോക് പ്രസിഡണ്ട് ആണ് അദ്ദേഹം. മാവോയിസ്റ്റ് ഗറില്ലകളും സുരക്ഷാ ജീവനക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം സംസ്ഥാനത്തിന്റെ സിങ്ഭും ജില്ലയില്‍ ഇന്ത്യന്‍ നാവിക സേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നടത്തിയ ഓപറേഷനില്‍ ഒരു മാവോ ട്രെയിനിങ് ക്യാമ്പ് തകര്‍ക്കുകയും 10 കുഴിബോംബുകള്‍ നിര്‍വീര്യമാക്കുകയും ചെയ്തു.

ഇറോം ശര്‍മിള മോചിതയായി; നിരാഹാരം അവസാനിപ്പിച്ചില്ല

ഇംഫാല്‍: മണിപ്പൂരില്‍ നടപ്പാക്കിയ പ്രത്യേക സായുധാധികാര നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  വര്‍ഷങ്ങളായി നിരാഹാര സമരം നടത്തുന്ന  പൌരാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള  കഴിഞ്ഞ ദിവസം ജയില്‍ മോചിതയായി. എന്നാല്‍, അവര്‍ നടത്തിവരുന്ന നിരാഹാര സമരം തുടരും. തടവ് ശിക്ഷയുടെ കാലാവധി അവസാനിച്ചതിനാലാണ്  അവരെ വിട്ടയച്ചത്.

ഏഴ് എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂദല്‍ഹി: രാജ്യസഭയില്‍ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചതിന് ഏഴ് അംഗങ്ങളെ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി സസ്പെന്‍ഡ് ചെയ്തു.

സമാജ്വാദി പാര്‍ട്ടിയുടെ നാല് അംഗങ്ങളെയും ലോക് ജനശക്തി പാര്‍ട്ടി, ആര്‍.ജെ.ഡി എന്നിവയുടെ ഓരോ അംഗങ്ങളെയുമാണ് പാര്‍ലമെന്റിന്റെ നടപ്പു സെഷനില്‍ അവശേഷിക്കുന്ന സമ്മേളനങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

സമാജ്വാദി പാര്‍ട്ടിയുടെ കമാല്‍ അക്തര്‍, നന്ദകിഷോര്‍ യാദവ്, അമീര്‍ ആലം ഖാന്‍, വീര്‍ പാല്‍ യാദവ്, ആര്‍.ജെ.ഡി അംഗം സുഭാഷ് യാദവ് ജനതാദള്‍(യു) വിമത അംഗം ഡോ. ഐജാസ് അലി, ലോക് ജന ശക്തി പാര്‍ട്ടിയുടെ ശബീര്‍ അലി എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.
Syndicate content
Share/Bookmark