കേരളീയം

സൂര്യാഘാതത്തെ കുറിച്ച് പഠനം നടത്തും-മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ ആറു പേര്‍ക്ക് ജനങ്ങള്‍ക്ക് സൂര്യാഘാതം ഏറ്റ സാഹചര്യത്തില്‍ ഇതേ കുറിച്ച് പ0ിക്കാന്‍ ശാസ്ത്ര, സാങ്കേിതക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. തുറസ്സായ സ്ഥലങ്ങളില്‍ കാര്‍ഷിക, നിര്‍മാണ മേഖലകളില്‍ ജോലി എടുക്കുന്നവരുടെ ജോലിസമയം ക്രമീകരിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൂര്യാഘാതത്തെപ്പറ്റി ബോധവല്‍ക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.ഹംസയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സ്മാര്‍ട്ട്‌സിറ്റി: ടീകോമിന് അന്തിമ കത്ത് നല്‍കും

തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റി പദ്ധതി അനന്തമായി നീളുന്ന സാഹചര്യത്തില്‍ ദുബൈ കമ്പനിയായ ടീകോമിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ മുന്നോടിയായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ടീകോമിന് അന്തിമ കത്ത് നല്‍കും. ഐ.ടി സെക്രട്ടറി തയാറാക്കിയ കത്ത് ചീഫ് സെക്രട്ടറിക്ക് നല്‍കി. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശ പ്രകാരമാണ് കത്ത് നല്‍കുന്നതെന്നാണ് സൂചന.

കളമശേരി ബസ് കത്തിക്കല്‍: മുഖ്യ ആസൂത്രക സൂഫിയ -എന്‍.ഐ.എ

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിന്റെ മുഖ്യ ആസൂത്രക പത്താം പ്രതിയും പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഭാര്യയുമായ സൂഫിയാ മഅ്ദനിയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സൂഫിയ നല്‍കിയ ഹരജിയെ എതിര്‍ത്ത് എന്‍.ഐ.എ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  സൂഫിയയാണ് ബസ് കത്തിക്കലിന്റെ മുഖ്യ ആസൂത്രകയെന്ന് സംസ്ഥാന പൊലീസും നേരത്തേ വ്യക്തമാക്കിയിരുന്നു.  എറണാകുളം ജില്ല വിട്ടുപോകുന്നതിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് എന്‍.ഐ.എ കേസുകള്‍ പരിഗണിക്കുന്ന സി.ബി.ഐ പ്രത്യേക കോടതിയില്‍ സൂഫിയ ഹരജി നല്‍കിയത്.

രണ്ട് രൂപക്ക് അരി വ്യാപിപ്പിക്കും -ധനമന്ത്രി

തിരുവനന്തപുരം: അടുത്ത മഴക്കാലത്തിന് മുമ്പ് ഡാമുകളില്‍ നിന്ന് 400 കോടി രൂപയുടെ മണല്‍ വാരാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്. തോട്ടം മേഖല, മണ്‍പാത്ര നിര്‍മാണ മേഖല എന്നിവയില്‍ പണിയെടുക്കുന്നര്‍ക്ക് കൂടി രണ്ട് രൂപക്ക് അരി നല്‍കുന്ന കാര്യം പരിഗണിക്കും. എന്നാല്‍ രണ്ട് രൂപക്ക് അരി നല്‍കുന്നവരുടെ എണ്ണം 35 ലക്ഷത്തില്‍ നിന്ന് ഉയര്‍ത്തില്ല. അതിനാല്‍ നിലവില്‍ അനുവദിച്ച വിഭാഗങ്ങളുടെ എണ്ണം കണക്കുകൂട്ടുമ്പോള്‍ ഈ രണ്ട് വിഭാഗങ്ങള്‍ കൂടി 35 ലക്ഷം പരിധിയില്‍ വന്നാല്‍ മാത്രമേ ഇതിന് കഴിയൂ.

പാലക്കാട് കത്തുന്നു; സൂര്യാഘാതത്തില്‍ നിരവധിപേര്‍ക്ക് പൊള്ളല്‍

പാലക്കാട്: ചരിത്രത്തിലില്ലാത്ത കൊടുംചൂടില്‍ പാലക്കാട് കത്തുന്നു. സൂര്യാഘാതത്തില്‍ പൊള്ളലേറ്റ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആശുപത്രികളില്‍ നിരവധിപേര്‍ ചികില്‍സ തേടിയെത്തി. പത്തിരിപ്പാലയില്‍ മാത്രം എട്ടുപേര്‍ക്ക് പൊള്ളലേറ്റു.
Syndicate content
Share/Bookmark