അറിയിപ്പുകള്‍

എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്കില്‍ കുറവ്

തിരുവനന്തപുരം: എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകളിലെ ഫസ്റ്റ്, എക്സിക്യൂട്ടീവ് ക്ലാസുകളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ മാര്‍ച്ച് എട്ട് മുതല്‍ 13 വരെ കുറവ് വരുത്തി. ഈ കാലത്ത് എടുക്കുന്ന ടിക്കറ്റുകളില്‍ മാര്‍ച്ച് 15 നും ജൂണ്‍ 30 നും ഇടയില്‍ യാത്ര നടത്തിയാലേ ആനുകൂല്യം കിട്ടു. യു.എസ്, കനഡ, യു.കെ, യൂറോപ്പ്, ടോക്കിയോ, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് ഫസ്റ്റ് ക്ലാസില്‍ 50 ശതമാനം ഇളവ് നല്‍കും. എക്സിക്യൂട്ടീവ് ക്ലാസുകളില്‍ ഈ സ്ഥലങ്ങള്‍ക്ക് പുറമെ ഹോങ്കോങ്, ഷെന്‍ഹായ്, സിങ്കപ്പൂര്‍, ദുബൈ, ദമാം എന്നിവിടങ്ങളിലേക്കും 40 ശതമാനം ഇളവ് നല്‍കും. വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരിക്കും കുറവ്.

വിമാനക്കമ്പനികള്‍ ബിസിനസ് ക്ലാസ് നിരക്കുകള്‍ കുറക്കുന്നു

നെടുമ്പാശേരി: പരമാവധി യാത്രക്കാരെ ഉറപ്പാക്കാന്‍ വിമാനക്കമ്പനികളിലേറെയും  ബിസിനസ് ക്ലാസ് നിരക്കുകള്‍ കുറക്കുന്നു. പല സര്‍വീസുകളിലും ഇക്കണോമി ക്ലാസില്‍ ടിക്കറ്റെടുത്തവരെ കൊണ്ടുപോകാന്‍ കഴിയാതെ വിഷമിക്കുമ്പോള്‍ ബിസിനസ് ക്ലാസ് ഒഴിഞ്ഞുകിടക്കുന്നതാണ് ഈ തീരുമാനത്തിന് കാരണം. പല വിമാനക്കമ്പനികളും ദല്‍ഹിയൊഴികെയുള്ള സര്‍വീസുകളില്‍ ബിസിനസ് ക്ലാസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. പലര്‍ക്കും യാത്രക്ക് മണിക്കൂറുകള്‍ക്കുമുമ്പ് നേരിയ തുക ഒഴിവാക്കി ബിസിനസ് ക്ലാസില്‍ ഒഴിവുണ്ടെങ്കില്‍ അതിലേക്ക് മാറ്റിക്കൊടുക്കുന്നുമുണ്ട്.

സീസണ്‍ സ്റ്റാഫിനെയും ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെയും ആവശ്യമുണ്ട്

മലപ്പുറം: 200 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ 2010 ഹജ്ജ് അപേക്ഷാ ഫോറങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തി ക്രോഡീകരിക്കുന്നതിനും കമ്പ്യൂട്ടറില്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനും ഏകദേശം ഒരു മാസക്കാലത്തേക്ക് ജോലി ചെയ്യുന്നതിന് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.ഹജ്ജ് ഹൌസിന് സമീപ പ്രദേശത്തുള്ളവര്‍ക്കും, പ്ലസ് ടു വിദ്യാഭ്യാസമുള്ളവര്‍ക്കും മുന്‍ഗണന. ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാര്‍ക്ക് ബന്ധപ്പെട്ട ഫീല്‍ഡില്‍ രണ്ട് വര്‍ഷത്തെയെങ്കിലും മുന്‍പരിചയം ഉണ്ടായിരിക്കണം.

സാധ്യതാപട്ടിക

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ആലപ്പുഴ) ട്രേഡ്സ്മാന്‍ (ഇലക്ട്രോണിക്സ് ആന്‍ഡ് പ്രൊഡക്ഷന്‍ ടെക്നോളജി), വനം വകുപ്പില്‍ (പത്തനംതിട്ട) ഫോറസ്റ്റ് ഗാര്‍ഡ് തസ്തികകളിലെ തെരഞ്ഞെടുപ്പിനുള്ള സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് മന്ദിരത്തിലെ ഐആന്‍ഡ് പി.ആര്‍.ഡി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധിക്കാം.

ഫോട്ടോഗ്രഫി പരിശീലനം

തിരുവനന്തപുരം: സി^ഡിറ്റ് നടപ്പിലാക്കിവരുന്ന അഡ്വാന്‍സ്ഡ് ഐ.ടി ട്രെയിനിങ് സെന്ററായ 'സൈബര്‍ശ്രീ' ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫിയില്‍ ഒരുമാസത്തെ പരിശീലനം നല്‍കും. പട്ടികജാതി^വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എല്‍.സി. തെരഞ്ഞെടുക്കപ്പെടുന്ന ട്രെയിനികള്‍ക്ക് 2000 രൂപ സ്റ്റെപ്പന്റ് ലഭിക്കും. സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ശരിപകര്‍പ്പ് ഉള്‍ക്കൊള്ളിച്ചിരിക്കണം.
Syndicate content
Share/Bookmark